
ന്യൂദല്‍ഹി: ‘കോടതിയലക്ഷ്യ കേസില്‍ സ്വാഭാവിക നീതി നിഷേധിച്ച’ കേരള ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി ജയരാജന് ജാമ്യം അനുവദിച്ചു. സംയമനം പാലിക്കാന്‍ സി.പി.എമ്മിനെ ഉപദേശിച്ച ജസ്റ്റിസുമാരായ ആര്‍.എം ലോധ, എച്ച്. എല്‍ ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ച് കോടതിക്കാര്യം തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
10,000 രൂപയുടെ ബോണ്ടിലാണ് ജയരാജന് ജാമ്യം അനുവദിച്ചത്. കീഴ്കോടതി വിധിച്ച പിഴസംഖ്യയായ 2000 രൂപ ഹൈകോടതിയില്‍ കെട്ടിവെക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി കേസ് ഇനി അടുത്ത വര്‍ഷം ജൂലൈ മാസത്തിലായിരിക്കും പരിഗണിക്കുകയെന്നും അറിയിച്ചു. ഹൈകോടതിക്ക് പുറമെ സംസ്ഥാന സര്‍ക്കാറിനെക്കൂടി കോടതി കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തു. ജയരാജനുവേണ്ടി അഡ്വ. അനില്‍ ധവാനും അഡ്വ. പി.വി ദിനേശും ഹൈകോടതിക്കുവേണ്ടി അഡ്വ. വി. ഗിരിയും അഡ്വ. മുഹമ്മദ് സാദിഖുമാണ് ഹാജരായത്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിക്ക് പത്താം നമ്പര്‍ കോടതി അപ്പീല്‍ പരിഗണിച്ചപ്പോള്‍ കോടതിയലക്ഷ്യ കേസില്‍ മുന്‍ധാരണയോടെയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നും കോടതിക്ക് നിരക്കാത്ത പദപ്രയോഗങ്ങള്‍ വിധിന്യായത്തിലുണ്ടെന്നും ജയരാജനുവേണ്ടി ഹാജരായ അനില്‍ ധവാന്‍ ബോധിപ്പിച്ചു. ജയരാജനെ പുഴുവെന്നും വിഷമുള്ള സര്‍പ്പമെന്നും വിധിന്യായത്തില്‍ വിശേഷിപ്പിച്ചത് ധവാന്‍ ഉദാഹരണമായി ഉദ്ധരിച്ചു. ഇത് കേട്ട ജസ്റ്റിസ് ലോധ ഹൈകോടതിയും അതേ നാണയത്തില്‍ തിരിച്ചു നല്‍കിയതായി സംശയിക്കുകയാണെന്ന് പ്രതികരിച്ചു. ഇത്തരം ഭാഷ പാടില്ലായിരുന്നുവെന്നും കുറേക്കൂടി മയമുള്ള ഭാഷയാണ് ഹൈകോടതി ഉപയോഗിക്കേണ്ടതെന്നും പരമോന്നത കോടതി ഉപദേശിച്ചു.
വിധിന്യായത്തെക്കുറിച്ച് സുപ്രീംകോടതി വിമര്‍ശം തുടരുന്നതിനിടെയാണ് ഹൈകോടതി പ്രത്യേകം നിയോഗിച്ച അഭിഭാഷകന്‍ അഡ്വ. ഗിരി ഇടപെട്ടത്. വിധിയെക്കുറിച്ച് പറയാനല്ല, തിങ്കളാഴ്ച ഹൈകോടതിക്ക് മുമ്പില്‍ എതിര്‍കക്ഷി നടത്തിയ സമരത്തെക്കുറിച്ച് അറിയിക്കാനാണ് താന്‍ ഹാജരായതെന്ന് മുന്‍ ഹൈകോടതി ജഡ്ജി കൂടിയായ ഗിരി ബോധിപ്പിച്ചു. സമരം സംബന്ധിച്ച് ഹൈകോടതി രജിസ്ട്രാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിച്ച അദ്ദേഹം രാവിലെ 9.30നും 10.15നുമിടയില്‍ 5000ത്തില്‍പരം പേര്‍ ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാണ് സമരം നടത്തിയതെന്ന് ആരോപിച്ചു. സമരം മൂലം രാവിലെ 8.30ന് ജഡ്ജിമാര്‍ക്ക് കോടതിയില്‍ എത്തിച്ചേരേണ്ടി വന്നു. ജയരാജന്‍ പ്രസംഗത്തില്‍ ഉപയോഗിച്ച പരാമര്‍ശങ്ങളടക്കമുള്ള മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. ജഡ്ജിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്ളക്കാര്‍ഡുകള്‍ പിടിച്ച സമരക്കാര്‍ ‘കുരക്കുന്ന പട്ടി’ എന്നും ‘വിഡ്ഢി’ എന്നും മറ്റും പ്ളക്കാര്‍ഡുകളില്‍ എഴുതിയിരുന്നുവെന്നും ഗിരി കുറ്റപ്പെടുത്തി.
ഇതേ തുടര്‍ന്ന് സമരത്തെ വിമര്‍ശിച്ച കോടതി വിഷയം തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി ശരിവെച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടതാണെന്നോര്‍ക്കണം. സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കണം നീതിന്യായപ്രക്രിയ നടക്കേണ്ടതെന്നും സമരം ഖേദകരമാണെന്നും കോടതി പറഞ്ഞു. ജയരാജനും സമരത്തിലുണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞു. അദ്ദേഹം കസ്റ്റഡിയിലാണെന്നായിരുന്നു അഭിഭാഷന്‍െറ മറുപടി. ‘അദ്ദേഹം കസ്റ്റഡിയിലോ’ എന്ന് അമ്പരപ്പോടെ ചോദിച്ച ജസ്റ്റിസ് ലോധ അപ്പീലിന് സമയം അനുവദിക്കാതെ ജയരാജനെ ജയിലിലടച്ചതില്‍ നടുക്കം പ്രകടിപ്പിച്ചു. ഹൈകോടതി വിധി നടുക്കമുളവാക്കുന്നതും അസാധാരണവുമായ നടപടിയാണെന്നും അപ്പീലിന് അവസരം നല്‍കാതിരുന്ന നടപടി നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് ലോധ കൂട്ടിച്ചേര്‍ത്തു. കോടതിയലക്ഷ്യ കേസുകള്‍ ജഡ്ജിമാര്‍ അതിന്‍െറ മെറിറ്റ് നോക്കിയാണ് പരിഗണിക്കേണ്ടത്. ബാഹ്യഇടപെടലുകളില്‍ സ്വാധീനിക്കപ്പെടാന്‍ പാടില്ല. വിധിന്യായം മനസ്സിന്‍െറ ചിന്തയില്‍നിന്നുണ്ടാകുന്നതാണെന്ന് അറിയണമെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. എത്രയും പെട്ടെന്ന് ജയരാജന് ജാമ്യം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനെയും കേസില്‍ കക്ഷിചേര്‍ക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. ആറ് മാസം തടവും 2000 രൂപ പിഴയുമാണ് ഹൈകോടതി ശിക്ഷ വിധിച്ചിരുന്നത്. ജയരാജനിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
No comments:
Post a Comment